90 മിനിറ്റിനുള്ളിൽ ലോകചാമ്പ്യന്മാരെ ഒറ്റ ഫ്രെയിമിലാക്കി ചുമരിൽ ആടിന്റെ കൊമ്പിൽ തൂക്കേണ്ടിയിരുന്നത് സ്വിറ്റ്സർലാൻഡായിരുന്നു.
പത്താം മിനിറ്റിൽ മാക് അലിസ്റ്ററിന്റെ ഹെഡറിൽ അർജന്റീന മുന്നിലെത്തിയെങ്കിലും അതിന് ശേഷം കളിയുടെ നിയന്ത്രണം മുഴുവൻ സ്വിസ് പടയുടെ കയ്യിലായിരുന്നു. പ്രസ്സിംഗും കൗണ്ടർ അറ്റാക്കുകളും കൊണ്ട് അവർ അർജന്റീനയെ ആൽപ്സിന് ചുറ്റും കറക്കി.
67-ാം മിനിറ്റിൽ എൻഡോയെയുടെ ഷോട്ട് ഡിബു മാർട്ടിനസിന്റെ കാലുകൾക്കിടയിലൂടെ വലയിൽ പതിഞ്ഞപ്പോൾ, സ്കോർ മാത്രമല്ല, മത്സരത്തിന്റെ നീതിയും സമനിലയിലെത്തി.
മെസ്സിയാകട്ടെ, കാൻസാസ് സിറ്റി സ്റ്റേഡിയത്തിലെ ചൂടിൽ ഇറക്കിവിട്ട ഒരു പെൻഗ്വിൻ പോലെ. മൈതാനത്തുണ്ടായിരുന്നു... പക്ഷേ ആ മെസി മാജിക്ക് സ്റ്റേഡിയത്തിൽ ഹാജർ ഉണ്ടായിരുന്നല്ല.
പിന്നെയാണ് കളി മറിഞ്ഞത്. എംബോളോയുടെ ചുവപ്പ് കാർഡ്. അതോടെ സ്വിസ് പട അവരുടെ പ്രതിരോധം സ്വിസ് ബാങ്കുകളേക്കാൾ സുരക്ഷിതമാക്കി. പക്ഷേ ആ ലോക്കറിന്റെ പാസ്‌വേഡ് അവസാനം ജൂലിയൻ ആൽവാരസിന് കിട്ടി.
ആ ഒരു ഷോട്ട് കളി തിരിച്ചു. പിന്നാലെ മാർട്ടിനസും വലകുലുക്കിയതോടെ സ്കോർ 3–1.
സ്കോർലൈൻ മാത്രം കണ്ടാൽ അർജന്റീന എളുപ്പത്തിൽ ജയിച്ചതാണെന്ന് തോന്നും. കളി കണ്ടവർക്ക് അറിയാം, മെസ്സിയും കൂട്ടരും ഇനി "സ്വിസ്" എന്ന പേര് കേട്ടാൽ പോലും ഒന്ന് ഞെട്ടും.
ഇതേ കളിയുമായി മൂന്ന് സിംഹങ്ങളുടെ മുന്നിലേക്ക് ഇറങ്ങിയാൽ അത് സെമിഫൈനലാവില്ല... ബാർബിക്യു വിരുന്നായിരിക്കും. മിശിഹായെ ഉൾപ്പെടെ നീല പടയെ മൂന്ന് സിംഹങ്ങളും അസാഡോയുടെ തീയിൽ പതുക്കെ ചുട്ടെടുക്കുന്ന രാത്രിയാകാതിരിക്കട്ടെ .

إرسال تعليق