.സ്പെയിനിനെതിരെ മെസ്സി നിറംമങ്ങി എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഒരേയൊരു മത്സരത്തിലെ മോശം പ്രകടനത്തിൻ്റെ പേരിൽ മെസ്സിയുടെ ഇതിഹാസതുല്യമായ കരിയറിനെ റദ്ദ് ചെയ്യാനാവില്ല.
മഹാനായ ഡീഗോ മറഡോണ മെസ്സിയുടെ അതേ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. 1986-ൽ മറഡോണ ലോകകപ്പ് ജയിച്ചു. 1990-ലും മറഡോണയുടെ ടീം ലോകകപ്പ് ഫൈനലിൽ എത്തിയിരുന്നു. പക്ഷേ അന്ന് അവർ വെസ്റ്റ് ജർമ്മനിയോട് തോറ്റുപോയി.
1990-ലെ ലോകകപ്പ് ഫൈനൽ അത്ര ആവേശകരമായിരുന്നില്ല. വെസ്റ്റ് ജർമ്മനി 23 ഗോളവസരങ്ങൾ സൃഷ്ടിച്ചപ്പോൾ അർജൻ്റീനയ്ക്ക് ഒരേയൊരു ശ്രമം മാത്രമാണ് നടത്താനായത്! അർജൻ്റീനയുടെ രണ്ട് കളിക്കാർക്ക് ചുവപ്പ് കാർഡ് കിട്ടുകയും മറഡോണ കണ്ണീരോടെ മടങ്ങുകയും ചെയ്തു!
ആ പരാജയം മറഡോണയുടെ ലെഗസ്സിയ്ക്ക് ഒരു പോറൽ പോലും ഏൽപ്പിച്ചിട്ടില്ല. മറഡോണ എക്കാലത്തെയും മികച്ച ഫുട്ബോളറാണെന്ന് അസംഖ്യം ആരാധകർ വിശ്വസിക്കുന്നുണ്ട്.അത്തരമൊരു ആദരവ് വരുംതലമുറകൾ മെസ്സിയ്ക്കും നൽകും.
പതിമൂന്നാം വയസ്സിൽ വീട് വിട്ടിറങ്ങിയ ഒരാളാണ് മെസ്സി. അന്ന് അയാൾ ഹോർമോൺ ദൗർലഭ്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. മെസ്സിയുടെ ചികിത്സയ്ക്ക് ആവശ്യമായിരുന്ന ഭീമമായ തുക മുടക്കാൻ തയ്യാറായത് ബാഴ്സലോണ മാത്രമായിരുന്നു. അങ്ങനെയാണ് അയാൾ ക്ലബ്ബ് ഫുട്ബോൾ കളിക്കുന്നതിനുവേണ്ടി സ്പെയിനിൽ എത്തിച്ചേർന്നത്.
അക്കാലത്ത് മെസ്സിയ്ക്ക് നാലടി ആറിഞ്ച് പൊക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബെഞ്ചിൽ ഇരിക്കുന്ന സമയത്ത് മെസ്സിയുടെ കാൽ നിലത്ത് മുട്ടാറില്ലായിരുന്നു! പലരും അവനെ 'പ്രാണി' എന്ന് സംബോധന ചെയ്തുതുടങ്ങി!
അക്കാലത്ത് മെസ്സി പല വിവേചനങ്ങളും അനുഭവിച്ചിട്ടുണ്ട്. സ്പെയിനിലെ ആൺകുട്ടികൾ കളിച്ചുപോന്നിരുന്ന ചില ടൂർണ്ണമെൻ്റുകളിൽ പങ്കെടുക്കുവാനുള്ള അനുവാദം മെസ്സിയ്ക്ക് ഇല്ലായിരുന്നു. അന്ന് ബാഴ്സലോണയുടെ ജൂനിയർ ബി ടീമിനെ പരിശീലിപ്പിച്ചിരുന്ന ടിറ്റോ വിലനോവ പിൽക്കാലത്ത് പറഞ്ഞു-
കുട്ടിക്കാലത്ത് മെസ്സി ഒരുപാട് കഷ്ടതകളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ അന്നും അയാളുടെ സ്വഭാവത്തിന് പത്തിൽ പത്ത് മാർക്ക് നൽകാമായിരുന്നു..!''
അങ്ങനെ കരിയർ ആരംഭിച്ച മെസ്സി ഈ മുപ്പത്തിയൊമ്പതാം വയസ്സിലും കത്തിജ്ജ്വലിച്ച് നിൽക്കുകയാണ്! അയാൾക്ക് എത്ര കൈയ്യടികൾ നൽകിയാലും അധികമാവുമോ!?
മറഡോണ ഇരുപത്തിയാറാം വയസ്സിലാണ് ലോകകിരീടത്തിൽ മുത്തമിട്ടത്. എന്നാൽ ഖത്തറിലെ വേൾഡ് കപ്പ് കളിക്കാനെത്തുമ്പോൾ മെസ്സിയ്ക്ക് 35 വയസ്സുണ്ടായിരുന്നു! അന്ന് എല്ലാ നോക്കൗട്ട് മത്സരങ്ങളിലും സ്കോർ ചെയ്തുകൊണ്ടാണ് മെസ്സി അർജൻ്റീനയെ ട്രോഫിയിലേയ്ക്ക് നയിച്ചത്!2026-ൽ കണ്ടത് മെസ്സിയുടെ ബീസ്റ്റ് മോഡ് ആയിരുന്നു. അയാൾ ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്തു!
ഏതാനും വർഷങ്ങൾക്കുമുമ്പ് ബാഴ്സലോണയെ ആസ്പദമാക്കി 'Take The Ball ; Pass The Ball ' എന്നൊരു ഡോക്യുമെൻ്ററി പുറത്തിറങ്ങിയിരുന്നു. അതിൽ സാവി മെസ്സിയെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്-
മെസ്സിയുടെ ഇടംകാലും വലംകാലും തലച്ചോറും മൂർച്ചയുള്ളതാണ്. അയാൾക്ക് ആക്രമണവും പ്രതിരോധവും വഴങ്ങും. പാസിങ്ങിലും ഡ്രിബിളിങ്ങിലും മെസ്സിയ്ക്ക് വലിയ വൈഭവമുണ്ട്...!''
അപ്പോൾ സാവി ഒരു ചോദ്യം നേരിടുന്നുണ്ട്-
''മെസ്സി ഗോൾകീപ്പർ ആയാൽ എങ്ങനെയിരിക്കും...!?"
സാവിയുടെ മറുപടി ഇതായിരുന്നു-
ഞങ്ങൾ ഇതുവരെ അത് പരീക്ഷിച്ചിട്ടില്ല. ചിലപ്പോൾ മെസ്സി ആ റോളിലും തിളങ്ങുമായിരിക്കും...!!''
ഒരു കംപ്ലീറ്റ് ഫുട്ബോളറാണ് മെസ്സി എന്നാണ് സാവി പറഞ്ഞുവെച്ചത്. സ്വന്തം രാജ്യമായ സ്പെയിൻ ലോകകപ്പ് വിജയിച്ചതിൽ സാവിയ്ക്ക് സ്വാഭാവികമായും ആനന്ദമുണ്ടാകും. എന്നാൽ ഈ പരാജയം മൂലം മെസ്സിയുടെ മഹത്വത്തിൻ്റെ ഒരംശം പോലും കുറയില്ല എന്ന് സാവിയ്ക്ക് ഉത്തമ ബോദ്ധ്യമുണ്ടാകും.
അമേരിക്കയിൽ മെസ്സിയുടെ കണ്ണുനീർ വീണിട്ടുണ്ട്. പക്ഷേ നാം കോരിച്ചൊരിയുന്ന സ്നേഹത്തിൻ്റെ മഴയിൽ ആ കണ്ണുനീർത്തുള്ളി ഒലിച്ചുപോകും. ഒലിച്ചുപോയേ തീരൂ...!!
#Messi #Fifaworldcup

إرسال تعليق